കുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്. മലയാളത്തിലാണ് ഇന്‍സ്റിറ്റ്യൂട്ട് പ്രസാധനം നടത്തുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റിറ്റ്യൂട്ട് ആണ്. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നുമുണ്ട്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. സാംസ്കാരിക വകുപ്പിനുവേണ്ടി തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ആണ്.
കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലാണ് 1981 ല്‍ സ്ഥാപിച്ച ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനവും ഇതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള ഒരു ഭരണസമിതിയാണ് ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.







